അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

single-img
9 November 2022

ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ കോൺഗ്രസിനെതിരെ രൂക്ഷ വിമ‌ർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തുന്ന അദ്ദേഹം, കോൺഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിടുകയാണ് എന്ന് പറഞ്ഞു.

ജനങ്ങൾ ഒരിക്കൽ കൈവിട്ടാൽ പിന്നീടൊരിക്കലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തില്ലെന്നും അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ കേന്ദ്രവും സംസ്ഥാനവും കൈകോ‌ർത്തുള്ള വികസനം നടപ്പാകില്ല, ഡബിൾ എഞ്ചിൻ സ‌ർക്കാർ തുടരണമെന്നും നരേന്ദ്രമോദി കാംഗ്രയിൽ പറഞ്ഞു.

അതേസമയം, ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്. ഈ വരുന്ന ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത് . മികച്ച വിദ്യാഭ്യാസമുള്ള ഹിമാചൽപ്രദേശിലെ ജനങ്ങളെ ബിജെപിക്ക് പറ്റിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. തങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കും എന്നും ഖർഗെ ഷിംലയിൽ പറഞ്ഞു.