മോദി മന്ത്രിസഭയിൽ കൂടുതലും ക്രിമിനൽ വിചാരണ നേരിടുന്നവരും കോടീശ്വരന്മാരും

single-img
12 June 2024

കേന്ദ്രത്തിലെ മൂന്നാം മോദി സർക്കാരിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആറ് മന്ത്രിമാരുടെ ആസ്തി 100 കോടി രൂപയിലധികമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട്.

ഇതിനുപുറമെ 28 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിൽ ഒമ്പത് പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചെയ്തവരാണ്.

പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ട് ബിജെപി എംപിമാർക്കെതിരെ കൊലക്കുറ്റവും നിലനിൽക്കുന്നുണ്ട്. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന് മുന്നിൽ സമർപ്പിച്ച വിവരങ്ങളിൽ നിന്നാണ് എഡിആർ റിപ്പോർട്ട് തയ്യാറാക്കിയത്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ മന്ത്രിമാരിൽ ബന്ദി സഞ്ജയ് കുമാർ, ശന്തനു ഠാക്കൂർ, സുകാന്ത മജുംദാർ, സുരേഷ് ഗോപി, ജുവൽ ഓറാം എന്നിവരാണ് ഉൾപ്പെടുന്നത്. ബിജെപിയിൽ നിന്നും വിജയിച്ച എംപിമാരാണ് ഇവരെല്ലാവരും.

എട്ട് മന്ത്രിമാർക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസുണ്ട്. അമിത് ഷാ, ശോഭ കരന്ദ്‌ലാജെ, ധർമേന്ദ്ര പ്രധാൻ, ഗിരിരാജ് സിംഗ്, നിത്യാനന്ദ് റായ്, ബന്ദി സഞ്ജയ് കുമാർ, ശന്തനു താക്കൂർ, സുകാന്ത മജുംദാർ എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി കുമാർ സഞ്ജയ്‌ക്കെതിരെ ഗുരുതരമായ 30 കുറ്റങ്ങളടക്കം 42 കേസുകളാണ് നിലവിലുള്ളത്. തുറമുഖം, ഷിപ്പിംഗ് വകുപ്പ് മന്ത്രിയായ ശന്തനു താക്കൂറിനെതിരെ 37 കേസുകളും വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറിനെതിരെ 30 കേസുകളും തീർപ്പാവാതെ കിടക്കുന്നുണ്ട്. 71 മന്ത്രിമാരിൽ 70 പേരും ‘ കോടീശ്വരന്മാരാണ് ‘ എന്നും റിപ്പോർട്ട് പറയുന്നു. 5,705 കോടി ആസ്തിയുള്ള, ടിഡിപിയിൽ നിന്നുള്ള ചന്ദ്രശേഖർ പെമ്മസാനിയാണ് കോടീശ്വര പട്ടികയിൽ ഒന്നാമൻ.