ഇതാണ് ഞങ്ങളുടെ ലാലേട്ടൻ; ജയിലർ റിലീസിന് പിന്നാലെ ട്വിറ്ററിൽ മോഹൻലാൽ ട്രെൻഡിങ്

single-img
10 August 2023

രജനികാന്ത് ചിത്രം ജയിലർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ രജനികാന്ത് ചിത്രം ആരാധകരെ നിരാശപ്പെടുത്തിയില്ല എന്നത് നൂറ് ശതമാനം ഉറപ്പ് നൽകുകയാണ് പ്രതികരണങ്ങൾ.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഈ സിനിമയിൽ രജനികാന്തിനൊപ്പം മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രഖ്യാപനസമയം മുതൽ ആ കോംമ്പോയ്ക്കായി കാത്തിരിക്കുക ആയിരുന്നു മലയാളികളും. ഒടുവിൽ ഇന്ന് സിനിമയിൽ മോഹൻലാലിനെ കണ്ടപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ‘ഇതാണ് ഞങ്ങളുടെ ലാലേട്ടൻ’.

അതിഥി റോളിലാണ് ആണ് മോഹൻലാൽ ജയിലറിൽ എത്തിയിരിക്കുന്നത്. പക്ഷെ നായകനായ രജനികാന്തിനൊപ്പം ഉയർന്ന് നിൽക്കുന്ന തരത്തിലുള്ളതാണ് വേഷം. മാത്യു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. നേരത്തെ ഈ പേരിനെ ചൊല്ലി ചെറിയ അസ്വാസരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

എന്നാൽ ഇവയെ കാറ്റിൽ പറത്തികൊണ്ടുള്ള പ്രകടനമായിരുന്നു മോഹൻലാലിന്റേത്. സോഷ്യൽ മീഡിയയിൽ എല്ലാം മോഹൻലാൽ എന്ന ഹാഷ്ടാ​ഗ് തരം​ഗമായി കഴിഞ്ഞു. “ജയിലെറിനു കിട്ടിയ സ്വീകാര്യത ഇതാണെങ്കിൽ വാലിബൻ എന്തായിരിക്കും, അനാവശ്യ ഡയോലോഗുകൾ ഒന്നും തന്നെ ഇല്ലാതെ കിടിലൻ attitude ലാലേട്ടൻ പൊളിച്ചു, രണ്ടര മണിക്കൂർ ഒന്നും വേണ്ടാ, വെറും 5 മിനിറ്റ് മതി അദ്ദേഹത്തെ വച്ചു theatre പൂരപ്പറമ്പാക്കാൻ, കുറച്ചു സമയം എങ്കിൽ കുറച്ചു സമയം.കണ്ടത് വിൻടേജ് സ്റ്റൈലിനെ വെല്ലുന്ന ഏട്ടനെ ആണ്, ലാലേട്ടന് മറ്റ് സംസ്ഥാനങ്ങളിൽ ഒരു മുഴുനീള സിനിമയേക്കാൾ കൂടുതൽ ആരാധകരെ സൃഷ്ടിച്ചേക്കാം.

ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ ലാലേട്ടനെ അവതരിപ്പിച്ചതിന് നെൽസൺ നന്ദി, വിക്രമിലൂടെ ലോകേഷ് റോളക്സിനെ നൽകി, ജയിലർ വഴി നെൽസൺ മാത്യുവിനെ നൽകി”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. പ്രതിനായകനായി എത്തിയ വിനായകനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.