ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിൽ ഗോഡ്ഫാദറിന്‍റെ മോളിവുഡ് വെര്‍ഷന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം
ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ചിത്രമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ദി ഗോഡ്ഫാദര്‍ ഫ്രാഞ്ചൈസി. 1972 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് ഭാഗങ്ങളിലായി എത്തിയ ചിത്രം പില്‍ക്കാലത്ത് ലോകമെങ്ങുമുള്ള ചലച്ചിത്ര വിദ്യാര്‍ഥികളുടെ റെഫറന്‍സ് തന്നെയായി മാറി.
ഹോളിവുഡ് താരങ്ങളായ മെര്‍ലണ്‍ ബ്രാന്‍ഡോയും അല്‍ പച്ചീനോയും ഉൾപ്പെടെയുള്ളവർ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ അവരുടെ സ്ഥാനത്ത് മലയാളത്തിലെ പ്രഗത്ഭ താരങ്ങള്‍ ആയിരുന്നെങ്കിലോ? മുന്‍പ് ഒരു ആശയം മാത്രമായി നില്‍ക്കുമായിരുന്ന കൌതുകങ്ങള്‍ ഇപ്പോള്‍ താല്‍പര്യവും സമയവും ഉള്ളവര്‍ക്ക് ദൃശ്യവല്‍ക്കരിക്കാം. ഇപ്പോൾ ഇതാ, ഗോഡ്ഫാദറിന്‍റെ മോളിവുഡ് വെര്‍ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ വീഡിയോയ്ക്ക് 1.25 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. അല്‍ പച്ചീനോയുടെ മൈക്കിള്‍ കോളിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മൈക്കിളിന്‍റെ സഹോദരന്‍ ഫ്രെഡോ കോളിയോണിയായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്. ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്‍റെ ഉടമ മോ ഗ്രീന്‍ എന്ന കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയും. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം തരംഗം ആയിക്കൊണ്ടിരിക്കുന്ന വീഡിയോ നടന്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്.