കാലവർഷം കേരളത്തിലെത്തി; ഇത്ര വൈകുന്നത് അഞ്ച് വർഷത്തിനിടെ ആദ്യം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാലവര്‍ഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഈ തവണ ഒരാഴ്ച വൈകിയാണ് കാലവർഷം എത്തിയത്. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് കാലവർഷം എത്താൻ ഇത്രയും വൈകുന്നത്. നേരത്തെ 2019ലും ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്.
ഇത്തവണ കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
ഇതിനെ തുടർന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യം ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത് എത്തിയത്.