മാസപ്പടി കേസ് എൽഡിഎഫ് – യുഡിഎഫ് സംയുക്ത അഴിമതി: കെ സുരേന്ദ്രൻ

single-img
14 January 2024

മാസപ്പടി കേസ് എൽഡിഎഫ് – യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ആദ്യം മാസപ്പടി ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒത്തുകളിച്ചത്. നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് കൊടുത്തത് സതീശനാണ്. എൽഡിഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയാണിത്. ഇപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെ. പക്ഷെ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും.

അതിനാലാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷിക്കുന്നത്. മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പിണറായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് കെഎംആർഎൽ പറയുന്നത്. രണ്ട് കൂട്ടരുടേയും വിശദീകരണം കൃത്യമല്ലാത്തത് കൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു .