കെ സുധാകരന്റെ വീട്ടില്‍ നിന്ന് ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെത്തി
സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂര്‍ ജില്ലയിലെ നാടാലിലെ വീട്ടില്‍നിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങള്‍ കണ്ടെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്.
രാജ്‌മോഹൻ ഉണ്ണിത്താന്റെ നിര്‍ദേശപ്രകാരം മൂന്നുമാസം മുന്‍പ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്. അടുത്തകാലത്തായി തുടര്‍ച്ചയായി ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നു.
ഇതിനെ തുടർന്ന് ഉണ്ണിത്താന്‍ തന്നെ എത്തിച്ച ആത്മീയ ആചാര്യന്റെ പരിശോധന നടന്നു. വീടിന്റെ കന്നിമൂലയില്‍ കുഴിച്ചിട്ട നിലയില്‍ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കൂടോത്രം പരിശോധന.