വര്‍ക്കലയിൽ നിന്നും നൂറിലധികം യൂത്ത് കോണ്‍ഗ്രസ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്
വര്‍ക്കല മണ്ഡലത്തിലെ നൂറിലധികം യൂത്ത് കോണ്‍ഗ്രസ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്. ഇലകമണ്‍, വര്‍ക്കല മുനിസിപ്പാലിറ്റി, വെട്ടൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സിപിഎമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
സ്വന്തം തീരുമാന പ്രകാരം പാര്‍ട്ടി വിട്ടു വന്നവരെ വി ജോയി എംഎല്‍എയും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി അനൂപും ചേര്‍ന്ന് പതാക നല്‍കി സ്വീകരിച്ചു. രണ്ടു സംഘടനകളുടെയും വര്‍ഗീയ നയങ്ങളിലും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് വി ജോയി പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിന്‍ രാജ്, സിപിഎം ഏരിയ കമ്മിറ്റി അംഗം ശ്രീധരന്‍ കുമാര്‍, ഇലകമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ഇക്ബാല്‍, ഡിവൈഎഫ്‌ഐ വര്‍ക്കല ബ്ലോക്ക് ട്രഷറര്‍ മനുരാജ് ആര്‍, ഇലകമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ് തുടങ്ങിയവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു.
ഇന്ന് രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും രണ്ടു ദിവസം മുന്‍പ് കരവാരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെയുള്ളവരും സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. വെള്ളനാട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നത്. വെള്ളനാട് ശശിയെ സിപിഎം സ്വാഗതം ചെയ്യുന്നെന്ന് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.