ഇന്ത്യയിൽ പിഎസ്സിയുടെ പേരിൽ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിൽ: കെ സുരേന്ദ്രൻ
കോഴിക്കോട് പിഎസ്സി മെമ്പറെ നിയമിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങി എന്ന ആരോപണം അന്വേഷിക്കണമെന്നും തട്ടിപ്പിന് സർക്കാർ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നമ്മുടെ രാജ്യത്ത് പിഎസ്സിയുടെ പേരിൽ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്നും സുരേന്ദ്രൻ ആരോപിച്ചു .
ഏറ്റവും കൂടുതൽ പിഎസ് സി മെമ്പർമാരുള്ളതും നമ്മുടെ കേരളത്തിലാണ് . പക്ഷെ അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയർന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സംസ്ഥാന സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആരോപിച്ചു .
സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.