മണിപ്പൂരിലേത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യം: ആര്‍എസ്എസ്
വർഗീയ കലാപം തുടരുന്ന മണിപ്പൂരിലേത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും മണിപ്പൂരിലെ സാഹചര്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഇരു വിഭാഗവുമായും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇരുകൂട്ടര്‍ക്കും വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്, മന്‍മോഹന്‍ വൈദ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ കലാപത്തില്‍ ഇതുവരെ 175 പേര്‍ മരിച്ചെന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ കണക്ക് പുറത്തു വന്നിരുന്നു. 1,138 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ ആകെ 33 പേരെ കാണാതായി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു. ആകെ 5,668 ആയുധങ്ങള്‍ മോഷ്ടിച്ചു.