യു പിയിൽ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് വീടിനു തീയിട്ടു; അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു


കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കാനെത്തിയ പോലീസ് കുടിലിനു തീയിട്ടതിനെ തുടർന്ന് അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. 45-കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. കാണ്‍പുരിലെ മദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ആളുകള്‍ അകത്തുള്ളപ്പോള്‍ തന്നെ അവര്‍ കുടിലുകള്‍ക്ക് തീയിട്ടു. ഞങ്ങള്‍ ഓടി രക്ഷപ്പെട്ടതാണ്. അവര്‍ ഞങ്ങളുടെ ക്ഷേത്രവും തകര്‍ത്തു. ജില്ലാ മജിസ്‌ട്രേറ്റ് പോലും ഒന്നും ചെയ്തില്ല. എല്ലാവരും ഓടി. എന്റെ അമ്മയെ ആര്‍ക്കും രക്ഷിക്കാനായില്ല – ശിവറാം ദീക്ഷിത് എന്നയാള്‍ പറഞ്ഞു. ഇയാളുടെ അമ്മയും സഹോദരിയുമാണ് മരിച്ചത്.
എന്നാൽ ഇരുവരും സ്വയം തീകൊളുത്തി മരിച്ചതാണ് എന്നാണു പോലീസ് പറയുന്നത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ഗൗതം, പ്രമീളയുടെ ഭര്‍ത്താവ് ഗെന്ദന്‍ ലാല്‍ എന്നിവര്‍ക്ക് പൊള്ളലേറ്റതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കൊലപാതക ശ്രമം, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്