അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു; മകളും ഭര്‍ത്താവും അറസ്റ്റിൽ

single-img
9 October 2022

കോട്ടയം; അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മകളും ഭര്‍ത്താവും അറസ്റ്റില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറം വീട്ടില്‍ താമസിക്കുന്ന ഐശ്വര്യ (22), ഭര്‍ത്താവ് കിരണ്‍രാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണാവധിക്ക് വീട്ടില്‍ എത്തിയപ്പോള്‍ 10 പവന്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. ഇളയ മകളുടെ വിവാഹത്തിനായി മാറ്റിവച്ചതായിരുന്നു സ്വര്‍ണം.

ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടില്‍ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തില്‍ അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വര്‍ണവുമായി തിരുവനന്തപുരത്തേക്കു പോയി. അമ്മ തിരികെ എത്തിയപ്പോഴാണു സ്വര്‍ണം കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് അമ്മ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വര്‍ണം മോഷ്ടിച്ചത് ഐശ്വര്യയാണെന്ന് കണ്ടെത്തിയ പൊലീസ് കിരണ്‍രാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് മോഷണമുതല്‍ വീണ്ടെടുത്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇതിലെ 5 പവന്‍ മുക്കുപണ്ടമാണെന്നു വ്യക്തമായത്. മോഷ്ടിച്ച സമയത്തുണ്ടായിരുന്ന സ്വര്‍ണത്തില്‍നിന്ന് 5 പവന്‍ മാലയെടുത്തു പണയം വയ്ക്കുകയും പകരമായി ഇതേ തൂക്കത്തില്‍ മുക്കുപണ്ടം വയ്ക്കുകയുമായിരുന്നു. അറസ്റ്റു ചെയ്ത ഐശ്വര്യയേയും കിരണ്‍രാജിനേയും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.