ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

single-img
12 October 2022

തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കുള്ള ചോദ്യ പേപ്പര്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ മുതല്‍ ഐഐടികളും ഐഐഎമ്മുകളും കേന്ദ്രസര്‍വകലാശാലകളും വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിര്‍ദേശങ്ങളും ഹിന്ദിയിലാക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്. ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ ഭാഷകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി മാത്രമായി ഉപയോഗിക്കപ്പെടരുത്. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ നിര്‍ദിഷ്ടാവകാശങ്ങള്‍ അംഗീകരിക്കപ്പെടണം. ഇക്കാര്യത്തില്‍ തിടുക്കപ്പെട്ടുള്ള തീരുമാനമുണ്ടാകരുത്.

നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിന് വലിയ സ്ഥാനമുള്ള രാജ്യമാണ് നമ്മുടേത്. സാംസ്‌കാരികവും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളുടെ സാഹോദര്യം നിലനില്‍ക്കുന്നിടമാണ് നമ്മുടെ രാജ്യം. മാതൃഭാഷയ്ക്ക് പുറമെ മറ്റ് ഭാഷകളും പഠിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തൊഴിലന്വേഷകരെയും പൊതുജനങ്ങളെയും ബാധിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം. നിരവധി ഭാഷകള്‍ നിലനില്‍ക്കുമ്ബോള്‍ ഏതെങ്കിലുമൊന്ന് രാജ്യത്തിന്റേതായി മാറരുത്.

ഇക്കാര്യത്തില്‍ തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ഗൗരവകരമായ ആശങ്കയുണ്ട്. ഭരണഘടനയില്‍ അനുശാസിക്കുന്ന എല്ലാ ഭാഷകളിലും മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.