ടിപി വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

single-img
22 June 2024

ടിപി വധക്കേസ് പ്രതികൾ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ. . നല്ല തെറ്റ് തിരുത്തലാണ് സിപിഎം നടത്തുന്നതെന്ന് വിമര്‍ശിച്ച വടകര എംഎൽഎ, ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും അവർ കുറ്റപ്പെടുത്തി.

സിപിഎം പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും പ്രതികൾക്ക് വഴിവിട്ട സഹായമാണ് ചെയ്യുന്നത്. പ്രതികൾക്ക് ജയിലിൽ സുഖവാസമാണ്. ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളാണ്. അവര്‍ക്ക് ജയിലിൽ വച്ച് സ്വര്‍ണക്കടത്ത്, ക്വട്ടേഷൻ പ്രവര്‍ത്തനങ്ങൾ നടത്താനാവുന്നുണ്ട്.

നിലവിൽ മൂന്ന് പ്രതികളെയാണ് – അണ്ണൻ സിജിത്ത്, ഷാഫി, ടികെ രജീഷ്- ഇപ്പോൾ വിട്ടയക്കാൻ ശ്രമിക്കുന്നത്.എന്നാൽ 20 വര്‍ഷത്തിനിപ്പുറം ഇവരുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കുറ്റം ജയിൽ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റെന്നാണ് ഇപ്പോൾ സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയൊന്നും ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാൻ സാധിക്കില്ല. അത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ഇതിന് പിന്നിൽ വളരെ കൃത്യമായ ആലോചന നടന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഉൾപ്പെടെ അറിവില്ലാതെ ഈ പേരുകൾ വിട്ടയക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത് ഉദ്യോഗസ്ഥരുടെ തലയിലിടാൻ വിവാദമായപ്പോൾ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. 8-6-24 ന് 10 കൊല്ലം ശിക്ഷ അനുഭവിച്ച ആളുകൾക്കാണ് വിടുതലിന് ഉത്തരവിട്ടത്. ഈ മൂന്ന് പേരെ മാത്രം ഉൾക്കൊള്ളിച്ചത് എന്തിനാണ്? വിവാദമാകാതെ വന്നാൽ ബാക്കിയുള്ളവരെ കൂടെ പുറത്തിറക്കാനായിരുന്നു പദ്ധതി. അത് പൊളിഞ്ഞുവെന്നും കെകെ രമ പറഞ്ഞു.