അറസ്റ്റ് വരിക്കാതെ എം പിമാർ മുങ്ങി; വെട്ടിലായി കോൺഗ്രസ്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പങ്കെടുക്കാനും അറസ്റ്റുവരിക്കാനും തയ്യാറാകാതെ മുങ്ങിയ എംപിമാരുടെ നടപടിയിൽ വെട്ടിലായി സംസ്ഥാന കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് എംപിമാർ സമരത്തിനിറങ്ങി അറസ്‌റ്റു വരിച്ചിട്ടും കോൺഗ്രസ് എംപിമാർ വിട്ടുനിന്നതിൽ പ്രവർത്തകരിലും പ്രതിഷേധമുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം എട്ടുപേർ മാത്രമാണ് അറസ്റ്റുവരിച്ചത്. ബാക്കിയുള്ളവർ മുങ്ങിയത് പരിശോധിക്കുമെന്ന് പറഞ്ഞ് തടിയൂരാനാണ് സുധാകരനടക്കമുള്ളവരുടെ ശ്രമം.
വിഷയം കോൺഗ്രസ് പാർലമെന്ററി പാർടി യോഗം പരിശോധിക്കുമെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ മറുപടി പറഞ്ഞത്. നടപടിയെക്കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് സുധാകരൻ പറയുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം സിപിഐ എമ്മിനെതിരെ വീണ്ടും പ്രസ്‌താവനയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മോദി സർക്കാരിനെതിരായി രാഹുൽ ഗാന്ധി ഇന്ത്യയിൽ തരംഗമുണ്ടാക്കിയപ്പോൾ അതിന്റെ പങ്കുപറ്റാനാണ് സിപിഐ എമ്മിന്റെ ശ്രമമെന്ന് സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ചത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.