പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും; അറ്റോക്ക് ജയിലിൽ കഴിയാൻ സാധിക്കില്ലെന്ന് ഇമ്രാൻ ഖാൻ
തനിക്ക് അറ്റോക്ക് ജയിലിൽ കഴിയാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയം ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം താൻ ദുരിതത്തിലാണെന്ന് ഇമ്രാൻ ഖാൻ അഭിഭാഷകരോട് പറഞ്ഞു. ഇവിടെ നിന്നും എത്രയും പെട്ടന്ന് പുറത്തെത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ച നയീം ഹൈദർ പഞ്ചോതയാണ് ഇമ്രാന്റെ നിലവിലെ അവസ്ഥ പങ്കുവച്ചത്. മുൻ പ്രധാനമന്ത്രിക്ക് സി ക്ലാസ് ജയിലാണ് നൽകിയതെന്നും ദുരിതപൂർണമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ ഈ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാൻ ഇമ്രാൻ തയാറാണ്, എന്നാൽ അടിമയായിരിക്കാൻ തയാറല്ല’’– പഞ്ചോത പറഞ്ഞു. അദ്ദേഹത്തിന് ഭക്ഷണം പോലും ശരിയായി നൽകുന്നില്ലെന്ന് ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇമ്രാന്റെ ജീവനു പോലും ഭീഷണിയുണ്ടെന്നും അത്യാവശ്യ സൗകര്യങ്ങളുള്ള ജയിലിലേക്ക് മാറ്റണമെന്നും പിടിഐ ആവശ്യപ്പെട്ടു.
നിലവിൽ ഭീകരരെ പാർപ്പിക്കാറുള്ള 9×11 അടി സെല്ലിലാണ് മുൻ പ്രധാനമന്ത്രിയെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ഇമ്രാനെ 3 വർഷം തടവിനു ശിക്ഷിച്ചതും ലഹോർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതും.