താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും നൽകി; ഫോട്ടോഗ്രാഫർ വരന് 25000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

single-img
8 June 2023

വിവാഹത്തിന്റെ ആൽബവും വീഡിയോയുമൊക്കെ കൈയിൽ കിട്ടിയപ്പോൾ അതിൽ താലികെട്ട് മാത്രമില്ല. ബംഗളൂരുവിൽ നടന്ന സംഭവത്തിൽ താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും നൽകിയതിന് വരൻ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടെത്തിയ ഉപഭോക്തൃ കോടതി ഫോട്ടോഗ്രാഫർ വരന് 25000 രൂപ നൽകാൻ ഉത്തരവിടുകയും ചെയ്തു.

ബെംഗളൂരുവിലെ അത്യാവശ്യം പ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ കുമാറിനോടാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. വിവാഹവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ നിമിഷങ്ങളും രാഹുൽ കുമാറും സംഘവും ക്യാമറയിൽ കൃത്യമായി പകർത്തി. എന്നാൽ താലികെട്ട് മാത്രമില്ല. അതിനു പുറമെ വിവാഹത്തിന്‍റെ ആൽബവും വീഡിയോയുമൊക്കെ നൽകാൻ വളരെ വൈകുകയും ചെയ്തു.

താലികെട്ട് ഉൾപ്പെടാത്തതിനാൽ ആൽബവും വീഡിയോയും എങ്ങനെ വീട്ടുകാർക്ക് നൽകുമെന്നതുകൊണ്ടാണ് മനപൂർവം വൈകിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. ഇതിനെത്തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

നഗരത്തിലെ ഉത്തരഹള്ളിയിലെ നിതിൻ കുമാര്‍ എന്നയാളാണ് സ്വന്തം വിവാഹത്തിന്‍റെ താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോ വാങ്ങേണ്ടിവന്നത് . 2019 നവംബര്‍ 9 നായിരുന്നു നിതിൻ കുമാറിന്റെ വിവാഹം. ഫോട്ടോ- വീഡിയോഗ്രഫിക്കായി 1.2 ലക്ഷം രൂപയുടെ വർക്കാണ് രാഹുലിന് നിതിൻ നൽകിയത്.

വിവാഹത്തിന് മുൻപുള്ള സേവ് ദ ഡേറ്റ് ഉൾപ്പടെ എല്ലാം മികച്ച രീതിയിൽ ചിത്രീകരിച്ച രാഹുൽ അവയൊക്കെ നിതിന് കാണിച്ചുകൊടുക്കുകയും ചെയ്തു. വിവാഹത്തിനും നന്നായി തന്നെ രാഹുലും സംഘവും വീഡിയോയും ഫോട്ടോയുമൊക്കെ പകർത്തുന്നത് നിതിൻ കണ്ടിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ ആൽബത്തിനായി വിളിച്ചപ്പോൾ നിതിൻ അവധി പറയുകയായിരുന്നു. ആദ്യം ഒരാഴ്ച അവധി പറഞ്ഞ രാഹുൽ പിന്നീട് അത് രണ്ടാഴ്ചയായി. ഒടുവിൽ നിതിനും സുഹൃത്തുക്കളും രാഹുലിന്‍റെ ഓഫീസിലെത്തി ബഹളം വെച്ചു.

ഇതിനെത്തുടർന്ന് 2020 മാര്‍ച്ചില്‍ കുറച്ച്‌ ചിത്രങ്ങളുടെ സാംപിൾ മാത്രമായി നിതിന് രാഹുല്‍ അയച്ചുകൊടുത്തു. അതിലും താലികെട്ട് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടു ചോദിച്ച് വീണ്ടും വിളിച്ചെങ്കിലും പിന്നീട് രാഹുൽ നിതിന്‍റെ ഫോൺ എടുക്കാതെയായി. അവസാനം 2021 ജനുവരിയില്‍ താലികെട്ട് വീഡിയോ കാണാനില്ലെന്നും തെറ്റിന് നഷ്ടപരിഹാരം നല്‍കാൻ തയ്യാറാണെന്നും രാഹുല്‍ നിതിനെ അറിയിക്കുകയായിരുന്നു.

അതോടുകൂടി നിതിൻ രാഹുലിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുകയും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹർജി നൽകുകയും ചെയ്തു. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ രാഹുൽ തെറ്റ് സമ്മതിക്കുകയായിരുന്നു. മുഹൂർത്ത സമയത്തെ ദൃശ്യങ്ങൾ തന്‍റെ ഹാർഡ് ഡിസ്ക്കിൽനിന്ന് നഷ്ടമായതായാണ് ഇദ്ദേഹം കോടതിയിൽ പറഞ്ഞത്. ഏതായാലും കോടതി കോടതി ചെലവും പലിശയും ഉൾപ്പടെ 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഉടൻ തന്നെ നഷ്ടപരിഹാരം നൽകാൻ രാഹുൽ തയ്യാറാകുകയും ചെയ്തു.