മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ
മലയാള സിനിമാ മേഖലയിൽ നിന്നും ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജി ആവശ്യവുമായി സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സംസ്ഥാന സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തിൽ സർക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎൽഎക്കെതിരായ ആരോപണത്തിൽ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മുൻകാലങ്ങളിൽ ലൈംഗികാരോപണങ്ങൾ നേരിട്ട പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നതും പാർട്ടി കാരണമായി കണക്കാക്കുന്നുണ്ട്.
അതേസമയം സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കിയേക്കുമെന്നാണ് സൂചന. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്.