മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്; തെളിവുകൾ കോടതിയിൽ സമർപ്പിച്ചു: അഭിഭാഷകൻ
ലൈംഗിക പീഡന ആരോപണത്തിലൂടെ നടനും എംഎല്‍എയുമായ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ. ഇത് തെളിയിക്കാനാവശ്യമായ ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രഥമദൃഷ്ട്യാ മുകേഷിനെതിരായ ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അറിയിച്ച അഭിഭാഷകൻ, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും വ്യക്തമാക്കി. കേരള സമൂഹത്തിൽ പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്, ഒളിച്ചോടുന്ന ആള്‍ അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ് മുകേഷ്.
അതല്ലാതെ അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള ഇലക്ട്രോണിക് മെയില്‍ അടക്കുമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക പീഡന കേസിൽ മൂന്ന് വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇനി രണ്ടാം തീയതി കേസ് പരിഗണിക്കും.