മുകേഷിന്റെ രാജി വിഷയം; ആനിരാജയെ തള്ളി ബിനോയ് വിശ്വം

single-img
30 August 2024

ഇടതുമുന്നണിയുടെ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവക്കണമെന്ന സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കേരളത്തിലെ വിഷയങ്ങളിൽ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയ്ക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. സിപിഐയെയും സിപിഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട. മാധ്യമങ്ങൾ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു മുന്നണിയിലെ ഘടകക്ഷിയെന്ന നിലയിൽ അനൗദ്യോഗിക ധാരണയുടെ അടിസ്ഥാനത്തിൽ രാജിക്കാര്യത്തിൽ നിലപാട് പറഞ്ഞ ബിനോയ് വിശ്വത്തിനെ പരസ്യമായാണ് ആനി രാജയും പ്രകാശ് ബാബുവും തിരുത്തിയത്. മുകേഷ് പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലും ബിനോയ് വിശ്വത്തിന്റെ നിലപാടിന് പിന്തുണ കിട്ടിയില്ല.