മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; ബിജെപി നേതാവ് പൊലീസ് പിടിയിൽ
17 July 2024
കോട്ടയം ജില്ലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബിജെപി നേതാവ് പൊലീസ് പിടിയിൽ. ബിജെപിയുടെ വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മേവെള്ളൂർ ഓലിക്കരയിൽ എസ് മനോജ് കുമാർ(49) ആണ് പൊലീസ് പിടിയിലായത്.
കടുത്തുരുത്തിയിലെ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് 2023 ഓഗസ്റ്റിൽ 48 ഗ്രാം വരുന്ന ആറ് വളകൾ പണയം വെച്ച് 185000 രൂപയും, 2023 നവംബറിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ പണയം വെച്ച് 63000 രൂപയും എടുത്തു.
രണ്ട് തവണയായി 8 പവൻ്റെ മുക്കുപണ്ടം വെച്ച് നടത്തിയ തട്ടിപ്പിൽ 248000 രൂപയാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ഇതിലൂടെ ബാങ്കിന് പലിശയടക്കം 269665 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.