മുലായം സിംഗ് യാദവിനെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു; അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്ന് ഡോക്ടർമാർ

single-img
3 October 2022

ആരോഗ്യനില മോശമായതിനെ തുടർന്ന് സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, അദ്ദേഹത്തെ ഒരു സമഗ്ര വിദഗ്ധ സംഘമാണ് നിരീക്ഷിക്കുന്നത്. അടുത്ത 24 മണിക്കൂർ വളരെ നിർണായകമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

യുപി മുൻ മുഖ്യമന്ത്രിയായ മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് മെദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് പിതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. യുപി മുഖ്യമന്ത്രി, മേദാന്ത ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിക്കുകയും മുതിർന്ന നേതാവിന് മികച്ച ചികിത്സ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മുലായം സിംഗ് യാദവിനെ മൂത്രനാളിയിലെ അണുബാധ (യുടിഐ) ബാധിച്ചിരുന്നു, ശ്വാസതടസ്സവും വൃക്കസംബന്ധമായ സങ്കീർണതകളും കാരണം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. പക്ഷെ എന്നിട്ടും അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെടാത്തപ്പോൾ വെന്റിലേറ്റർ സപ്പോർട്ടിൽ ഉൾപ്പെടുത്തിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓട് ഇന്ത്യ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മുലായം സിംഗ് യാദവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

“സമാജ്‌വാദി പാർട്ടി രക്ഷാധികാരി ശ്രീ മുലായം സിംഗ് യാദവ് ജിയുടെ ആരോഗ്യനില വഷളായതിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശ്രീ അഖിലേഷ് യാദവ് ജിയുമായി ഫോണിൽ സംസാരിച്ച ശേഷം മുലായം സിംഗ് ജിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ‘ ബീഹാർ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.