സെമി ഉറപ്പിക്കാന്‍ മുംബൈ സിറ്റി എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയും ശനിയാഴ്ച ഇറങ്ങും
സൂപ്പര്‍ കപ്പ് ഡി ഗ്രൂപ്പില്‍ സെമി ഉറപ്പിക്കാന്‍ മുംബൈ സിറ്റി എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയും ശനിയാഴ്ച ഇറങ്ങും.
പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിടും. വൈകീട്ട് അഞ്ചിനാണ് മത്സരം. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും.
നോര്‍ത്ത് ഈസ്റ്റിനെ 4-2ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ഇറങ്ങുക. ക്യാപ്റ്റന്‍ അനിരുദ്ധ് ഥാപയുടെ മധ്യനിരയിലെ പ്രകടനമാണ് ടീമിന്റെ കരുത്ത്. ഗോളടിക്കാന്‍ റഹീം അലിയും ജൂലിയസ് വിന്‍സന്‍റ് ഡ്യൂകറും മുന്നിലുണ്ടാകും. ഉറച്ച പ്രതിരോധമാണ് ചെന്നൈയുടെ കരുത്ത്.
മലയാളി താരം പ്രശാന്ത് മോഹന്‍ രണ്ടാം പകുതിയില്‍ ഇറങ്ങാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ മുംബൈയോട് തോറ്റെങ്കിലും ടീമിനെ വിറപ്പിക്കാനായതിനിന്റെ ആത്മവിശ്വാസവുമായാണ് ചര്‍ച്ചില്‍ ഇറങ്ങുക.
ചര്‍ച്ചിലിനെ വീഴ്ത്തിയ മുംബൈക്ക് നോര്‍ത്ത് ഈസ്റ്റാണ് എതിരാളികള്‍. ഐ.എസ്.എല്ലില്‍ ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം മുംബൈക്ക് ഒപ്പമായിരുന്നു. താരസമ്ബന്നമാണ് മുംബൈ. അഹമ്മദ് ജാഹുവിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താനുള്ള കരുത്തുണ്ട്.
ആദ്യ കളിയില്‍ നാല് മലയാളി താരങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്. രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ എമില്‍ ബെന്നി മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന