മുണ്ടക്കൈ ദുരന്തത്തിന് കാരണം ശക്തമായ മഴ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്
വയനാട് ജില്ലയിലെ മുണ്ടക്കൈ ദുരന്തത്തിന് കാരണം ശക്തമായി പെയ്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രദേശത്തിലെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ അപകടമേഖയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആ സമയം മുതല്‍ തുടർച്ചയായി ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശത്താണ് വന്‍ ദുരന്തം സംഭവിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ പ്രധാന കാരണം കനത്ത മഴ തന്നെയാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു .
2019ല്‍ പുത്തുമലയിൽ ഉള്‍പ്പടെ വെള്ളരിമലിയും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം ആഴ്ച മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ പെയ്തിറങ്ങിയത് 372.6 മില്ലീമീറ്റര്‍ മഴയാണ്. തെറ്റമലയില്‍ 409 മില്ലിമീറ്റര്‍ മഴയും പെയ്തു.