ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; മൃതദേഹം തിരിച്ചറിയാതിരിക്കാൻ ശരീരത്തിലെ തൊലി പ്രതികൾ ഉരിഞ്ഞു
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവാസ്‌റുൽ അസിം അൻവറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന മുംബൈയിൽ നിന്നുള്ള കശാപ്പുകാരനെ പശ്ചിമ ബംഗാൾ സിഐഡി അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശിലെ ഖുൽന ജില്ലയിലെ ബരക്‌പൂർ സ്വദേശിയാണ് പ്രതി ജിഹാദ് ഹവ്‌ലദർ. ഇയാൾ കുറ്റം സമ്മതിച്ചെന്നും ബംഗ്ലാദേശിൽ നിന്നുള്ള മറ്റ് നാല് പേരും സംഘത്തിലുണ്ടായിരുന്നുവെന്ന് മൊഴി നൽകിയെന്നും അന്വേഷണ സംഘം പറയുന്നു.
എംപിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ ശരീരത്തിലെ തൊലി പ്രതികൾ ഉരിഞ്ഞതായും ഇവർ പറഞ്ഞു . രണ്ട് മാസങ്ങൾക്ക് മുൻപാണ് പിടിയിലായ പ്രതി കൊൽക്കത്തയിലെത്തിയത്. ബംഗ്ലാദേശ് വംശജനായ അമേരിക്കൻ പൗരൻ മുഹമ്മദ് അക്തറുസ്‌മാനാണ് കൊൽക്കത്തയിലെത്തിച്ചത്.
അതേസമയം ഹവ്ലാദർ മുംബൈയിൽ അനധികൃതമായാണ് താമസിച്ചിരുന്നതെന്നും വിവരമുണ്ട്. ഇയാളെ ബരാസതിലെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എം.പിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ ധാക്ക പൊലീസ് പിടികൂടിയ മൂന്ന് പേരുടെ മൊഴി പ്രകാരമാണ് എംപി കൊൽക്കത്തയിൽ വച്ച് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.