കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പങ്കില്ലെന്ന് ആൺസുഹൃത്തിന്റെ മൊഴി

single-img
4 May 2024

കൊച്ചി പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി പട്ടാപകൽ റോഡിലെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് തൃശൂർ സ്വദേശിയായ യുവാവ് പൊലീസിന് നൽകിയ മൊഴി.

താനും യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമെന്നു ഇയാൾ പറയുന്നു . സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്നെ നിർബന്ധിച്ച് ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ മൊഴിക്ക് പിന്നാലെ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.