ആർഎസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം; കേസ് എന്‍ഐഎ ഏറ്റെടുത്തു

single-img
20 December 2022

പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ശ്രീനിവാസന്റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിലവിൽ കേസ് ഏറ്റെടുത്തതിനെ തുടർന്ന് എൻഐഐ പുതുക്കിയ എഫ്ഐആർ സമർപ്പിക്കും. ഏപ്രിൽ 16 നായിരുന്നു ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്.

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ഇതിനെ സാധൂകരിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.