മണിപ്പൂരിലെ വിദ്യാര്‍ഥികളുടെ കൊലപാതകം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

single-img
13 October 2023

രണ്ട് മണിപ്പൂരി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന 22കാരന്‍ ഇന്ന് അറസ്റ്റില്‍. പൂനെ സ്വദേശിയായ പോലുന്‍മാങ്ങിനെയാണ് സിബിഐ പിടികൂടിയത്. ബുധനാഴ്ച പൂനെയില്‍ നിന്നാണ് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ജൂലൈ 6 ന് കാണാതായ ഫിജാം ഹേമാന്‍ജിത് (20), ഹിജാം ലിന്തോയിംഗന്‍ബി(17) എന്നിവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 25ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. ഇവരെ അറസ്റ്റിന് പിന്നാലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. ഇയാളെ ഒക്ടോബര്‍ 16 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

കൊലപാതക കേസിലെ മുഖ്യ സൂത്രധാരന്‍ പോലുന്‍മാങ്ങാണെന്നാണ് സിബിഐ സംശയിക്കുന്നതെന്ന് പ്രത്യേക കോടതി അറിയിച്ചു. കേസിലെ പ്രതികളായ പോമിന്‍ലുന്‍ ഹാക്കിപ്, സ്മാല്‍സോം ഹാക്കിപ്, ലിംഗ്നെയ്ചോങ് ബൈറ്റെകുക്കി, ടിന്നില്‍ഹിംഗ് ഹെന്‍താങ് എന്നിവരെ ഒക്ടോബര്‍ ഒന്നിന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച രണ്ട് പേരും മെയ്‌തേയി വിഭാഗക്കാരായിരുന്നു.

വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മണിപ്പൂരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാർഥികൾ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിച്ചത്. ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്‍മേട്ടില്‍ ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നതായുമാണ് കാണുന്നത്.

അടുത്ത ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങളാണ് കാണപ്പെടുന്നത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തത്.