ക്യാമ്പുകളില്‍ പഠിപ്പിക്കുന്നത് സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ; നാഷണല്‍ സര്‍വീസ് സ്‌കീമിനെതിരെ മുസ്ലീം ലീഗ്

single-img
28 December 2023

സംസ്ഥാനത്തെ സ്‌കൂൾ- കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ക്യാമ്പുകള്‍ക്കെതിരെ വ്യാജപ്രചരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടക്കുന്ന എന്‍എസ്എസ് പരിപാടികളില്‍ സകല വൃത്തികേടുകളും പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ ക്യാമ്പുകളില്‍ പഠിപ്പിക്കുന്നത് സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും പിഎംഎ സലാം പറഞ്ഞു.

എന്‍എസ്എസ് അവരുടെ പാഠ്യപദ്ധതിയില്‍ അനാവശ്യമായ കാര്യങ്ങളാണു പറയുന്നത്. അധ്യാപകര്‍ക്ക് നൽകിയ മൊഡ്യൂള്‍ സകല വൃത്തികേടുകളും പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച വിഷയം ഉയര്‍ന്നപ്പോള്‍ത്തന്നെ അതു പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. മാത്രമല്ല എല്‍.ജി.ബി.ടി.ക്യു.വിനെ അനുകൂലിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങള്‍പോലും ഇതുപോലെയുള്ള തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോയി.

ഈ രീതിയിലുള്ളവരെ അറസ്റ്റുചെയ്ത് ജയിലിലിടാനാണ് റഷ്യയില്‍ കോടതി പറഞ്ഞത്. അവരെക്കാള്‍ വലിയ കമ്യൂണിസത്തിലേക്കാണോ നമ്മള്‍ പോകുന്നതെന്ന് സലാം മാധ്യമങ്ങളോട് ചോദിച്ചു . ലിബറലിസവും മതനിരാസവും കുത്തിക്കയറ്റാനുള്ള വേദികളല്ല വിദ്യാലയങ്ങളും എന്‍.എസ്.എസ്. ക്യാമ്പുകളുമെന്നും സലാം പറഞ്ഞു.