ഗവർണറുടേത് ആർഎസ്എസ് രാഷ്ട്രീയം; നിലപാടുകളെയും രീതികളെയും മുസ്ലിം ലീഗ് അനുകൂലിക്കുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി


സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആര്‍ എസ് എസ് രാഷ്ട്രീയമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ സ്വീകരിക്കുന്ന നിലപാടുകളെയും രീതികളെയും മുസ്‌ളീം ലീഗ് അനുകൂലിക്കുന്നില്ലെന്നും ഗവര്‍ണ്ണര്‍ എന്ന പദവിയുടെ മാന്യത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഒരു ഗവർണർ പറയേണ്ട രീതിയില്‍ അല്ല അദ്ദേഹം കാര്യങ്ങള്‍ പറയുന്നത്. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ തങ്ങള്‍ അംഗീകരിക്കുന്നില്ലന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.’തീർച്ചയായും ഗവര്‍ണര്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. പക്ഷേ ഇതിന് അവസരമുണ്ടാക്കിയത് സര്‍ക്കാരാണ്.
നിലവിലെ സാഹചര്യങ്ങൾക്ക് വിശദീകരണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇവിടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ ഒന്നും തന്നെ ശരിയല്ല. ഗവർണറെ പ്രതിപക്ഷം ഇതുവരെ അനുകൂലിച്ചിട്ടില്ല’. പ്രശ്നത്തിന് ആധാരമായ ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളും കാര്യങ്ങളും മുസ്ലീ ലീഗിന് എതിര്‍പ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഗവര്‍ണറുടെ ആരോപണം പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വിസി നിയമനത്തില്‍ നിയമവിരുദ്ധമായും ക്രമരഹിതമായും വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സര്‍ക്കാരും ഇടപെടുകയും അവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ കണ്ണൂര്‍ വിസിക്ക് നിയമനം നല്‍കിയതെന്നും പ്രതിപക്ഷമാണ് ആദ്യം ആക്ഷേപം ഉയര്‍ത്തിയതെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു