വിസിമാരുടെ രാജി; ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിം ലീഗ്

single-img
23 October 2022

കേരളത്തിലെ ഒന്‍പത് സർവ്വകലാശാലകളുടെ വിസിമാർ നാളെ പതിനൊന്നരക്കുള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ നിര്‍ദേശത്തിന് എതിരെ മുസ്ലീം ലീഗ് രംഗത്തെത്തി . ഗവർണറുടെ നടപടി അതിരുകടന്നതെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് വിമർശിച്ചു .

മാത്രമല്ല, സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് പറഞ്ഞു. അതേസമയം, വിഷയത്തിൽ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു.

സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ ആരോപിച്ചു

കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവ്വകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസിയുടെ മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നപടി.