മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പർദയും തട്ടവും ധരിക്കാന്‍ കഴിയുന്നില്ല: കെ സുധാകരൻ

single-img
19 February 2023

മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദര്‍ശനത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി.

നേരത്തെ സമരങ്ങള്‍ നടത്തിയ പാരമ്പര്യത്തിന്‍റെ മേന്മ വിളമ്പുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും എന്നു മുതലാണ് പ്രതിഷേധങ്ങളോട് ഇത്രയും പുച്ഛം ഉണ്ടായതെന്ന് കെ സുധാകരന്‍ ചോദിച്ചു. നാടുനീളെ കരിങ്കൊടി പ്രതിഷേധം നടത്തിയ സിപിഎമ്മിന്‍റെ മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പറുദയും തട്ടവും ധരിക്കാന്‍ കഴിയുന്നില്ല. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷന്‍മാരെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയാണ്.

മുഖ്യമന്ത്രിക്ക് എവിടെയെങ്കിലും പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കണ്ണൂർ, പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസുകാര്‍ കാട്ടിക്കൂട്ടുന്നത്.

സാധാരണക്കാരായ പൊതുജനത്തെ വഴിയില്‍ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാര്‍ഹമാണ്. സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉള്‍പ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു.