തെരുവ് നായ്ക്കള്‍ക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ല;ബിജെപിക്കെതിരെ വിമർശനവുമായി അസദുദ്ദീന്‍ ഒവൈസി


ദില്ലി: തെരുവ് നായ്ക്കള്‍ക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി.
ഗുജറാത്തിലെ നവരാത്രി ഗര്‍ബ പരിപാടിയില്‍ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലായ പ്രതികളെ തൂണില്‍ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി. രാജ്യത്ത് എവിടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം മുസ്ലീങ്ങള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്റസകള്‍ തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തില്‍ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരാമര്‍ശത്തെയും ഒവൈസി പരിഹസിച്ചു. മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നു. മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നില്ല, മറിച്ച് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെയും ഒവൈസി ചോദ്യം ചെയ്തു. നിങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്തായിരുന്നു മുസ്ലീങ്ങളെ തൂണില്‍ കെട്ടിയിട്ട് ചമ്മട്ടികൊണ്ട് അടിച്ചത്. ജനക്കൂട്ടം വിസിലടിക്കുകയായിരുന്നു. ഇങ്ങനെയാണെങ്കില്‍ ദയവായി കോടതികള്‍ അടച്ചുപൂട്ടുകയും പൊലീസ് സേനയെ പിരിച്ചുവിടുകയും ചെയ്യണമെന്നും ഒവൈസി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഖേദയിലെ ഉന്ധേല ഗ്രാമത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗര്‍ബ നൃത്ത പരിപാടിക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തിലെ പ്രതികളെയാണ് പൊതുജന മധ്യത്തില്‍ തൂണില്‍കെട്ടിയിട്ട് പൊലീസ് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
മതാടിസ്ഥാനത്തില്‍ ജനസംഖ്യാ അസന്തുലിതാവസ്ഥ എന്ന വിഷയം ഉയര്‍ത്തിക്കൊണ്ട്, എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് ഉന്നയിച്ചിരുന്നു. മതാടിസ്ഥാനമാക്കിയുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ ഒരു പ്രധാന വിഷയമാണെന്നും അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.