ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ഒന്നും ഭയക്കാനില്ല; പക്ഷെ മേൽക്കോയ്മാ വാദം അവർ ഉപേക്ഷിക്കണം: മോഹൻ ഭഗവത്

single-img
10 January 2023

ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ഒന്നും ഭയക്കാനില്ലെന്നുംപക്ഷെ അവർ തങ്ങളുടെ മേൽക്കോയ്മാ വാദം അവർ ഉപേക്ഷിക്കണമെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഈ രാജ്യത്ത് എൽ.ജി.ബി.ടിക്കാർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഭാഗവത് പറഞ്ഞു.

സംഘ്പരിവാർ മുഖ പ്രസിദ്ധീകരണങ്ങളായ ‘ഓർഗനൈസറി’നും ‘പാഞ്ചജന്യ’യ്ക്കും നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ അഭിപ്രായപ്രകടനം. ‘ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തന്നെ തുടരണം. ലളിതമായ യാഥാർത്ഥ്യമതാണ്. ഇന്ന് ഭാരതത്തിൽ ജീവിക്കുന്ന മുസ്‌ലിംകൾക്ക് ഒരു ദോഷവുമില്ല. തങ്ങളുടെ വിശ്വാസത്തിൽ തന്നെ ഉറച്ചുനിൽക്കാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയാകാം. അവരുടെ മുൻഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങണമെന്നുണ്ടെങ്കിൽ അതുമാകാം. അതെല്ലാം പൂർണമായി അവരുടെ തിരഞ്ഞെടുപ്പാണ്. ഹിന്ദുക്കൾക്ക് പിടിവാശിയൊന്നുമില്ല.’-മോഹൻ ഭാഗവത് പറഞ്ഞു.

‘ഇസ്‌ലാമിന് ഇന്ത്യയിൽ ഒന്നും പേടിക്കാനില്ല. പക്ഷെ അവർ , മേൽക്കോയ്മാ വാദങ്ങളും കോലാഹലങ്ങളും ഉപേക്ഷിക്കണം. തങ്ങൾ ഉന്നതരായൊരു സമൂഹമാണ്, ഒരിക്കൽ ഈ ഭൂമി ഭരിച്ചവരാണ്, ഇനിയും ഭരിക്കാൻ പോകുന്നവരാണ്, തങ്ങളുടെ മാർഗം മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ്, തങ്ങൾക്ക് പരസ്പരം ഒന്നിച്ചുകഴിയാനാകില്ല എന്നു തുടങ്ങിയ ആഖ്യാനങ്ങൾ അവർ ഉപേക്ഷിക്കണം.’-മോഹൻ ഭാഗവത് വ്യക്തമാക്കി.