ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണം; രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരത്തിൽ നൽകുന്ന വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടെന്നും വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പ്രചാരണങ്ങൾ പാർട്ടികൾ ആരംഭിക്കുന്നതിന് മുമ്പേയാണ് കമ്മീഷൻ്റെ നടപടി. ജനങ്ങൾക്ക് ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കൃത്യമായി വിശദീകരിക്കണം. ഈ മാസം 19നകം എല്ലാ കക്ഷികളോടും അഭിപ്രായം അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.