ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നില്ല എന്ന് ഉറപ്പാക്കണം; ഇന്ത്യ മുന്നണി നേതാക്കളോട് സ്റ്റാലിന്‍

single-img
27 January 2024

പ്രതിപക്ഷ ഇന്ത്യ മുന്നണി ആഭ്യന്തര പ്രശ്നങ്ങളാൽ കലുഷിതമായ സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളോട് ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിന്‍. ബി ജെ പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് സ്റ്റാലിന്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

കേന്ദ്രത്തിൽ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാകണം എല്ലാവരുടേയും ലക്ഷ്യമെന്നും തിരുച്ചിറപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ സ്റ്റാലിന്‍ പറഞ്ഞു. സീറ്റു വിഭജന കാര്യത്തിൽ ബീഹാര്‍, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ ആഹ്വാനം.

അതേസമയം ബീഹാറില്‍ നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിട്ട് ബിജെപി നയിക്കുന്ന എന്‍.ഡി.എയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. ഇതോടൊപ്പം ബംഗാളില്‍ ഇന്ത്യ സഖ്യവുമായി ബന്ധമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോഴും തുടരുകയാണ്.