തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലും വിജയിക്കണം; ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജെപി നദ്ദ
ഈ വർഷം പുതിയ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ ഓരോ തെരഞ്ഞെടുപ്പിലും വിജയം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തലസ്ഥാനമായ ന്യൂഡൽഹിയിൽ ആരംഭിച്ച ബിജെപിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു നദ്ദ.
2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ ബിജെപി മേധാവി പരാമർശിച്ചതെന്ന് പാർട്ടി അധ്യക്ഷന്റെ സംക്ഷിപ്ത വിവരണത്തെക്കുറിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ഇതിലെ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്, അതിൽ തന്നെ രണ്ടെണ്ണം കൂട്ടുകക്ഷി സർക്കാരുകളാണ്.
9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിനാൽ 2023 ബിജെപിക്ക് നിർണായക വർഷമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി അധ്യക്ഷൻ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിൽ പോലും പാർട്ടി തോൽക്കാതിരിക്കാൻ അരക്കെട്ട് മുറുക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.