മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസെടുത്ത അന്വേഷിക്കണമെന്ന ആവശ്യത്തിൽ ശനിയാഴ്ച പ്രാഥമിക വാദം കേൾക്കും. കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കന്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയിൽ പെടുമെന്നാണ് ഹർജിയിലെ പ്രധാന വാദം.
കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. സംസ്ഥാന വിജലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി പറ്റിയത് അധികാര ദുർവിനിയോഗമാണെന്നും അഴിമിതിയുടെ പരിധിയിൽ വരുമെന്നും ഹർജിയിലുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ ,മുഖ്യമന്ത്രി പിണറായി വിജയൻഎന്നിവരാണ് ആദ്യ എതിർ കക്ഷികൾ. സി.എം.ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കമുളള രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.