എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. അവധിയിൽ പോയാൽ മതി എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് കോടിയേരിക്ക് മുന്നിൽ വെച്ചു എങ്കിലും, ഒഴിയാമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
കെഎസ്വൈഎഫ് പ്രവർത്തകനായാണ് ഗോവിന്ദൻ സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്. എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്‌ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി. ജയരാജൻ വെടിയേറ്റ് ചികിൽസയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു