മുഖ്യമന്ത്രിയെ ന്യായീകരിച്ച് എം വി ഗോവിന്ദൻ സ്വയം അപഹാസ്യനാകുന്നു: കെ സുരേന്ദ്രൻ
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഐ കാമറ അഴിമതിയുമായി ബന്ധപെട്ടു മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് എംവി ഗോവിന്ദനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
എംവി ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സാധാരണക്കാരായ ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തിൽ കെൽട്രോൺ മാത്രമല്ല സർക്കാരും മറുപടി പറയണം.
സംസ്ഥാന മുഖ്യമന്ത്രിയും പ്രകാശ് ബാബുവും തമ്മിലുള്ള ബന്ധമെന്താണെന്ന് സി.പി.എം നേതാക്കൾ പറയുന്നില്ല. കാമറ സ്ഥാപിക്കാൻ കരാർ ലഭിച്ച കമ്പനികളെല്ലാം പരസ്പര സഹകരണ തട്ടിക്കൂട്ട് കമ്പനികളാണെന്ന് പുറത്തുവന്നിരിക്കുകയാണ്. എ.ഐ കാമറക്കായുള്ള ടെണ്ടർ നടപടികളിൽ മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളെ പങ്കെടുപ്പിക്കാതിരുന്നതും സി.പി.എമ്മുമായി ബന്ധമുള്ള കമ്പനികൾ മാത്രം പങ്കെടുത്തതും അഴിമതി ലക്ഷ്യം വെച്ചാണ്. ഇത് ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിൽ പ്രസാഡിയോ സി.പി.എമ്മിന് നൽകിയ സംഭാവന അഴിമതിക്കുള്ള പ്രത്യുപകാരമാണ്. കരാറിന്റെ ഒരു ഭാഗത്താണ് അഴിമതിയുള്ളതെന്നും മറു ഭാഗത്ത് അഴിമതിയില്ലെന്നുമുള്ള ഗോവിന്ദന്റെ പ്രസ്താവന മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും പിണറായി വിജയൻ നയിക്കുന്ന പ്രൈവറ്റ് കമ്പനിയായി സി പി എം മാറി കഴിഞ്ഞു. കടുംവെട്ടാണ് മുഖ്യമന്ത്രിയും സംഘവും നടത്തുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.