ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല: എം വി ജയരാജൻ

single-img
15 October 2022

കെ കെ ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ആരോഗ്യ മന്ത്രിയായിരിക്കെ ശൈലജ അഴിമതി നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. മാത്രമല്ല കൊവിഡ് കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങൾ വാങ്ങിക്കാൻ അവകാശമുണ്ടെന്നും ജയരാജൻ വിശദീകരിച്ചു.

അതേസമയം കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി.

ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകള്‍ വാങ്ങാന്‍ ഓഡര്‍ നല്‍കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓഡര്‍ ക്യാന്‍സല്‍ ചെയ്തുവെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ ശൈലജ ന്യായീകരിച്ചു.