പട്ടാള ഭരണകൂടം മാപ്പ് നൽകി; മ്യാൻമർ ഓങ് സാൻ സൂ ചിയെ ഉടൻ മോചിപ്പിക്കും
മ്യാന്മറിലേ മുൻ ഭരണാധികാരിയായിരുന്ന ഓങ് സാൻ സൂ ചിയെ വീട്ടു തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുമെന്ന് പട്ടാള ഭരണകൂടം അറിയിച്ചു. രാജ്യത്ത് ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായി സൂ ചിയ്ക്കും രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും മോചിപ്പിക്കുമെന്നും പട്ടാള ഭരണകൂടം പ്രതാവനയിലൂടെ അറിയിച്ചു.
മ്യാൻമറിൽ പട്ടാള അട്ടിമറി നടന്ന 2021 ഫെബ്രുവരി 1 മുതൽ സൂ ചി അവിടെ ഏകാന്തതടവിലാണ്. കഴിഞ്ഞ വാരത്തിൽ ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മുൻ ഭരണാധികാരിയെ മാറ്റിയിരുന്നു.
അവിടെ തടങ്കലിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ പട്ടാള ഭരണകൂടം സൂ ചിയ്ക്ക് മാപ്പു നൽകിയതായി അറിയിച്ചിരിക്കുന്നത്. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി, രാജ്യദ്രോഹം തുടങ്ങി 18 കേസുകളാണ് ചുമത്തിയിരിക്കുന്നത്.