ഓസ്‌ട്രേലിയയിൽ സമുദ്ര തീരത്ത് സിലിണ്ടര്‍ രൂപത്തില്‍ നിഗൂഢ വസ്തു കണ്ടെത്തി
ഓസ്‌ട്രേലിയയിലെ ഗ്രീന്‍ ഹെഡിൻ കടല്‍ത്തീരത്ത് സിലിണ്ടറിന്റെ രൂപമുള്ള നിഗൂഢ വസ്തു കണ്ടെത്തി. ഈ വസ്തുവിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ പലരും പല ഊഹാപോഹങ്ങളുമായി എത്തുകയും ചെയ്തു. എന്നാൽ, നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയ വസ്തു ഇതുവരെ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
2014-ല്‍ കാണാതായ MH370 വിമാനത്തിന്റെ ഭാഗമായിരിക്കും ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ , വ്യോമയാന വിദഗ്ധന്‍ ജെഫ്രി തോമസ് അത് തള്ളിക്കളഞ്ഞു, ബീച്ചില്‍ കണ്ട ഈ വസ്തു കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
MH370 അല്ലെങ്കില്‍ ബോയിംഗ് 777 വിമാനവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വിക്ഷേപിച്ച റോക്കറ്റിന്റെ ഇന്ധന ടാങ്കാണ് അതെന്ന് തോന്നുന്നു, അത്, ഇന്ത്യന്‍ മഹാസമുദ്രത്തിലെവിടെയോ പതിച്ച് ഗ്രീന്‍ ഹെഡില്‍ എത്തിപ്പെട്ടതാകാം.
”ഇത് MH370, അല്ലെങ്കില്‍ ബോയിംഗ് 777-ന്റെ ഭാഗമാകാന്‍ സാധ്യതയില്ല. ഒമ്പതര വര്‍ഷം മുമ്പാണ് MH370 കാണാതാവുന്നത്, അതുകൊണ്ട് തന്നെ ആ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ കൂടുതല്‍ തേയ്മാനം കാണേണ്ടതാണ്,” -ജെഫ്രി തോമസിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവിൽ കടല്‍തീരത്ത് അടിഞ്ഞ വലിയ വസ്തുവിനെ ചുറ്റിപ്പറ്റി വെസ്റ്റേണ്‍ ആസ്‌ത്രേലിയ പോലീസ്, ആസ്‌ത്രേലിയന്‍ ഡിഫന്‍സ് ഫോഴ്സ്, മാരിടൈം പാര്‍ട്‌ണേര്‍സ് എന്നിവര്‍ സംയുക്തമായി അന്വേഷിക്കുന്നുണ്ട്.
”ഈ അജ്ഞാത വസ്തുവിന്റെ ഉത്ഭവവും സ്വഭാവവും നിര്‍ണ്ണയിക്കാന്‍ വിവിധ സംസ്ഥാന, ഫെഡറല്‍ ഏജന്‍സികളുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത് വരെ, നിഗമനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, എല്ലാവരും വസ്തുവില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണം” – വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് അറിയിച്ചു.