ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത
ദില്ലി: ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത് യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി.
യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരുക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നും പോലീസ്. മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവര്‍ണറോ വീട്ടില്‍ വരാതെ മൃതദേഹം സംസ്കരിക്കില്ല എന്ന് കുടുംബം നിലപാടടുത്തു. സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
സംഭവത്തില്‍ ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ സംഭവത്തില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടിയിരുന്നു. ഷായുടെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേസന്വേഷണം ഇന്ന് ഏറ്റെടുക്കും. 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലുള്ള പ്രതികളായ 5 യുവാക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദില്ലി പോലീസിന്റെ സുരക്ഷാ വീഴ്ച ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. യുവതിയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പോലീസിന് ലഭിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പോലീസ് കേസൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്ബോഴാണ് അമിത് ഷാ ഇടപെട്ടത്. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചും കേന്ദ്രത്തിന്റെ ഇടപെടലിന് കാരണമായി. നിരവധി സംശയങ്ങള്‍ അവശേഷിപ്പിക്കുന്ന ദാരുണമായ മരണത്തില്‍ സുല്‍ത്താന്‍പുരി പോലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്. സമഗ്രമായ അന്വേഷണ വേണമെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കാന്‍ അമിത് ഷാ ചുമതലപ്പെടുത്തിയത്.
യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് ആദ്യം പറഞ്ഞ പോലീസ്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പിന്നീട് തിരുത്തിയിരുന്നു. പ്രതികളിലൊരാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. പുതുവത്സര ദിനമായിട്ടുപോലും അപകടം നടന്ന മേഖലയില്‍ പോലീസ് വിന്യാസമില്ലാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്നും ആപ് നേതാക്കള്‍ ആരോപിക്കുന്നു.