നാഗാര്‍ജുന നായകനായി എത്തിയ ‘ദ ഗോസ്റ്റ്’ ന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

single-img
22 October 2022

നാഗാര്‍ജുന നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ദ ഗോസ്റ്റ്’. പ്രവീണ്‍ സട്ടരുവാണ് ചിത്രം സംവിധാനം ചെയ്‍തത്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘ദ ഗോസ്റ്റി’ന്റെ ഒടിടി സ്‍ട്രീമിംഗ് തിയ്യതിയെ കുറിച്ചാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ ‘ദ ഗോസ്റ്റ്’ നെറ്റ്‍ഫ്ലിക്സില്‍ നവംബര്‍ രണ്ട് മുതല്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. നാഗാര്‍ജുനയുടെ ‘ദ ഗോസ്റ്റെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിച്ചത്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ‘വിക്രം ഗാന്ധി’യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

നാഗാര്‍ജുന നായകനാകുന്ന നൂറാമത്തെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അടുത്തിടെ മോഹന്‍ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്‍തിരുന്നു കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രത്തിനായി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയും ചിത്രത്തില്‍ ഉണ്ടാകും. അതിഥി വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഖില്‍ അക്കിനേനിയുണ്ടാകുക എന്നുമാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.

അഖില്‍ അക്കിനേനിയുടേതായി ‘ഏജന്റെ’ന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹോളിവുഡ് ത്രില്ലര്‍ ‘ബോണ്‍’ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്നതാണ്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘ഏജന്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക.