ഹിസ്ബുല്ലയുടെ പുതിയ തലവനായി നയിം ഖാസിം

single-img
29 October 2024

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെഅറിയിച്ചു . സംഘടനയ്ക്കായി വിദേശ മാധ്യമങ്ങളുമായി അഭിമുഖങ്ങൾ നടത്തുന്നതിന് വരെ പേരുകേട്ട പ്രമുഖ വക്താക്കളിൽ ഒരാളാണ് നയിം ഖാസിം.

71 വയസുള്ള നയിം ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപക അം​ഗങ്ങളിൽ ഒരാൾ കൂടിയാണ്. ഒരു മാസം മുമ്പാണ് ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത്. ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഹിസ്ബുല്ലടെ ഭൂഗർഭ ടണൽ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് .

നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫീദ്ദീൻ ഹിസ്ബുല്ലയുടെ തലപ്പത്ത് എത്താൻ ഏറ്റവും സാധ്യതയുള്ള പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, നസ്റല്ല കൊല്ലപ്പെട്ട് ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ ഇസ്രായേലിന്റെ ആക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടു.

1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്റല്ല നേതാവായതിന് ശേഷവും നയിം ഖാസിം തൻ്റെ റോളിൽ തുടരുകയായിരുന്നു.