കാരണം വ്യക്തമാക്കാതെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക
കരിയറിൽ ഇതുവരെ രണ്ട് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ നവോമി ഒസാക്ക ടൂർണമെന്റിൽ നിന്ന് പിന്മാറി. ഒസാക്കയുടെ ടൂർണമെന്റിൽ നിന്നുള്ള പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകർ അറിയിച്ചത്. ജാപ്പനീസ് താരത്തിന്റെ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
മുൻപ് യു.എസ് ഓപ്പൺ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ കാർലോസ് അൽകാരസും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നും പിന്മാറിയിരുന്നു. ജനുവരി 16ന് മെൽബണിലാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്.
ഒസാക്കയുടെ അഭാവത്തിൽ ഉക്രൈൻ താരം ദയാന യാസ്ട്രെംസ്കയെ മെയിൻ ഡ്രോയിലേക്ക് മാറ്റിയതായി ഓസ്‌ട്രേലിയൻ ഓപ്പൺ വ്യക്തമാക്കി. നേരത്തെ 2019ലും 2021ലും ഒസാക്ക കിരീടം നേടിയിരുന്നു. കഴിഞ്ഞ വർഷം മുൻ ഒന്നാം നമ്പർ താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറിയെങ്കിലും അമാൻഡ അനിസിമോവയോട് 4-6, 6-3, 7-6(5) എന്ന സ്കോറിന് തോറ്റു. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഒസാക്ക സെപ്റ്റംബറിൽ ടോക്കിയോയിൽ നടന്ന പാൻ പസഫിക് ഓപ്പണിലാണ് അവസാനമായി കളിച്ചത്.
അതേസമയം, ഏഴ് തവണ ചാമ്പ്യനായ വീനസ് വില്യംസ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഒസാക്ക ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറുന്നത്.