ഡെങ്കിപ്പനി ബാധിച്ച യുവാവിന് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പായി നല്‍കിയത് നാരാങ്ങാ ജ്യൂസ്;ആശുപത്രി അധികൃതര്‍ സീല്‍ ചെയ്തു

single-img
21 October 2022

ലഖ്‌നൗ: ഡെങ്കിപ്പനി ബാധിച്ച യുവാവിന് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പായി നല്‍കിയത് നാരാങ്ങാ ജ്യൂസ്.

ഗുരുതരാവസ്ഥയിലായ രോഗി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ സീല്‍ ചെയ്തു. ജില്ലാ ഭരണകൂടം നടത്തിയ പ്രാഥമികാന്വേഷണത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പൂട്ടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ കെയര്‍ സെന്ററിലെ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് 32 കാരന്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്ലേറ്റ്‌ലെറ്റിന് പകരം നല്‍കിയ നാരാങ്ങാനീര് നല്‍കിയതോടെയാണ് യുവാവിന്റെ അവസ്ഥ ഗുരുതരമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് യുവാവിനെ ബന്ധുക്കള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച്‌ യുവാവ് മരിച്ചു. അദ്യം ചികിത്സ ആശുപത്രിയില്‍ നിന്ന് നല്‍കിയത് വ്യാജ പ്ലേറ്റ്‌ലെറ്റാണെന്ന് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രി ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു. തന്റെ 26 കാരിയായ സഹോദരി വിധവയാണ്. ആശുപത്രിയുടെ വീഴ്ചകള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഭാര്യാസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതായും തന്റെ നിര്‍ദേശപ്രകാരം പ്രാഥമികാന്വേഷണത്തിന് ശേഷം ജില്ലാ ഭരണകൂടം ആശുപത്രി സീല്‍ ചെയ്തതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു. പ്ലേറ്റ്‌ലെറ്റ് ബാഗുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആശുപത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.