സനാതന ധർമ്മം സംരക്ഷിക്കാൻ ‘നരസിംഹ വരാഹി ബ്രിഗേഡ്’; പ്രഖ്യാപനവുമായി പവൻ കല്യാൺ

single-img
3 November 2024

ജനസേന പാർട്ടി (ജെഎസ്പി) തലവനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ തൻ്റെ പാർട്ടിക്കുള്ളിൽ “സനാതന ധർമ്മം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെയുള്ള സമർപ്പിത വിഭാഗമായ ‘നരസിംഹ വരാഹി ബ്രിഗേഡ്’ പ്രഖ്യാപിച്ചു.

“ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു. സനാതന ധർമ്മത്തെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരും അനാദരവോടെ സംസാരിക്കുന്നവരും അതിൻ്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെ ഞങ്ങളുടെ പാർട്ടിക്കുള്ളിൽ ‘നരസിംഹ വരാഹി’ എന്ന പേരിൽ ഒരു സമർപ്പിത വിഭാഗം ഞാൻ സ്ഥാപിക്കുകയാണ്. സനാതന ധർമ്മ സംരക്ഷണത്തിനായുള്ള ബ്രിഗേഡ്,” പവൻ കല്യാൺ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ജഗന്നാഥപുരം ഗ്രാമത്തിൽ ‘ദീപം-2’ സൗജന്യ പാചക വാതക സിലിണ്ടർ പദ്ധതിയുടെ ഉദ്ഘാടനം പവൻ കല്യാണ് നിർവ്വഹിക്കുന്നതിനിടെയാണ് പ്രഖ്യാപനം. “മുൻ സർക്കാരിനെ അപേക്ഷിച്ച് മികച്ച ക്ഷേമം നൽകുമെന്ന ഞങ്ങളുടെ വാഗ്ദാനങ്ങൾ ഞങ്ങൾ നടപ്പിലാക്കുകയാണ്. ദീപം-2 പദ്ധതിയിലൂടെ, സംസ്ഥാനത്തെ യോഗ്യരായ 1,08,39,286 ഗുണഭോക്താക്കൾക്ക് പ്രതിവർഷം 2,684 കോടി രൂപയ്ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകൾ ഞങ്ങൾ വിതരണം ചെയ്യുന്നു. അഞ്ച് വർഷത്തിനിടെ ഇത് ക്ഷേമത്തിനായി നീക്കിവച്ച 13,425 കോടി രൂപയാണ് ,” ജെഎസ്പി മേധാവി പറഞ്ഞു.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കാണ് കൂട്ടുകക്ഷി സർക്കാർ മുൻഗണന നൽകുന്നതെന്നും സ്ത്രീകളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.