നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുന്നു: സോണിയ ഗാന്ധി
പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ (kadutha വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി . “നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുന്നു“ 141 പ്രതിപക്ഷ എംപിമാരെ സർക്കാർ സസ്പെൻഡ് ചെയ്ത നടപടിയെ അപലപിച്ചുകൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.
“മുൻ കാലങ്ങളിൽ ഇത്രയധികം പ്രതിപക്ഷ പാർലമെന്റംഗങ്ങളെ സഭയിൽ നിന്ന് (ലോക്‌സഭയും രാജ്യസഭയും) സസ്പെൻഡ് ചെയ്തിട്ടില്ല. അതും തികച്ചും ന്യായമായതും നിയമാനുസൃതവുമായ ഒരു ആവശ്യം ഉന്നയിച്ചതിന്” സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. “പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത് ഡിസംബർ 13ലെ അസാധാരണ സംഭവങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് (കേന്ദ്ര) ആഭ്യന്തര മന്ത്രി ലോക്‌സഭയിൽ നടത്തേണ്ട ഒരു പ്രസ്താവന മാത്രമാണ്“ പ്രതിപക്ഷ എംപിമാരുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് സോണിയ ഗാന്ധി വ്യക്തമാക്കി.
എന്നാൽ വളരെ അഹങ്കാര മനോഭാവത്തോടെയാണ് സർക്കാർ സംഭവത്തിൽ പ്രതികരിച്ചതെന്നും ഇത് കൈകാര്യം ചെയ്ത ധാർഷ്ട്യത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും സോണിയ കൂട്ടിച്ചേർത്തു. ഡിസംബർ 13ന് സംഭവിച്ചത് മാപ്പർഹിക്കാത്തതും ന്യായീകരിക്കാൻ കഴിയാത്തതുമാണ്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനും സംഭവത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനും നാല് ദിവസമെടുത്തു. പ്രധാനമന്ത്രിയുടെ ഈ പ്രവർത്തിയിലൂടെ സഭയുടെ അന്തസ്സിനോടുള്ള തന്റെ അവഗണനയും നമ്മുടെ രാജ്യത്തെ ജനങ്ങളോടുള്ള അവഗണനയും അദ്ദേഹം വ്യക്തമായി സൂചിപ്പിക്കുന്നു. “ഇന്ന് പ്രതിപക്ഷത്തായിരുന്നെങ്കിൽ ബിജെപി ആ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് സങ്കൽപ്പിച്ചുനോക്കൂ… പാർലമെന്റിൽ നടന്ന സംഭവത്തെ ന്യായീകരിക്കാൻ കഴിയില്ല”, സോണിയ ഗാന്ധി പറഞ്ഞു.